എനിക്കൊരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു ജീവിതം ഞാൻ തിരഞ്ഞെടുക്കുമോ? ജീവിക്കാൻ അവകാശമില്ലാത്തവരാണ് ഞങ്ങൾ: സ്വവർഗാനുരാഗിയായ ഒരു മകൻ അമ്മയ്ക്കെഴുതിയ കത്ത്
സ്വവർഗാനുരാഗികൾക്ക് സമൂഹത്തിൽ മാത്രമല്ല, കുടുംബത്തിലും യാതോരു സ്ഥാനവുമില്ല. ജീവിതം ആസ്വദിക്കാൻ വേണ്ടി സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നതാണ് സ്വവർഗാനുരാഗികൾ എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മറുപടിയുമായി സ്വവർഗാനുരാഗിയായ ഒരു യുവാവിന്റെ കത്ത്. ഇങ്ങനെ ജീവിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളും യാതനകളും വ്യക്തമാക്കി യുവാവ് തന്റെ അമ്മക്കെഴുതിയ കത്തിലാണ് തന്റെ അവസ്ഥയെക്കുറിച്ച് വിശദമാക്കുന്നത്.
കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഓൺലൈൻ കൂട്ടായ്മയായ ക്വിയറളയിലാണ് യുവാവ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ''സ്നേഹം നിറഞ്ഞ എന്റെ അമ്മയ്ക്ക്'' എന്നാണ് കത്തിന്റെ തുടക്കം.
കത്തിന്റെ പൂർണ്ണരൂപം:
സ്‌നേഹം നിറഞ്ഞ എന്റെ അമ്മക്ക്,
എന്നെ ഓര്‍ത്തു അമ്മ എത്രത്തോളം ദു:ഖിക്കുന്നു എന്ന് എനിക്ക് അറിയാം. അമ്മ ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം എനിക്ക് സാധിക്കില്ല. എന്നെ കൊണ്ട് ആകുന്ന വിധമെല്ലാം അമ്മക്ക് അഭിമാനം ഉണ്ടാകുന്ന മക്കളായി തീരാന്‍ ഞങ്ങള്‍ ശ്രമിച്ചു. അമ്മ ചാണകം വാരിയും പുല്ലു വെട്ടിയും, വളര്‍ത്തി വലുതാക്കി പഠിപ്പിച്ചു ഈ നിലയിലാക്കി. പക്ഷെ അമ്മ ആഗ്രഹിക്കുന്ന പോലെ ഒരു കുടുംബ ജീവിതം എനിക്ക് സാധിക്കില്ല. അമ്മ സന്തോഷം ആയിരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെ അല്ല അമ്മ ഞങ്ങളെ വളര്‍ത്തിയത്. അമ്മക്ക് ചേട്ടനുണ്ട്. ചേട്ടന്റെ ഓമനയായ ഒരു മകളുണ്ട്.
അമ്മയെ വേദനിപ്പിക്കുന്നതില്‍ എനിക്ക് ദു:ഖമുണ്ട്. പക്ഷെ ഇത് എന്റെ കുറ്റമല്ല അമ്മെ. ഈ ജീവിതം ഞാന്‍ തിരഞ്ഞെടുത്തതും അല്ല. അങ്ങനെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ ഈ നശിച്ച ജീവിതം ഞാന്‍ തിരഞ്ഞെടുക്കുമോ അമ്മെ? പകുതി ലോകം ഞങ്ങളെ പോലുള്ളവര്‍ ജീവനോടെ കത്തണമെന്ന് ആഗ്രഹിക്കുന്നു. മിക്ക മത ഗ്രന്ഥങ്ങളിലും ഞങ്ങള്‍ക്കായി നരകത്തില്‍ സീറ്റ് മാറ്റി വെച്ചിട്ടുണ്ട്. മിക്കവാറും ഞാന്‍ ഒറ്റയ്ക്ക് ഏതെങ്കിലും നഴ്‌സിംഗ് ഹോമില്‍ ആയിരിക്കും മരിക്കുക. ഒറ്റക്ക് തോന്നിയത് പോലെ ജീവിക്കാനോ ജീവിതം ആസ്വദിക്കാനോ അല്ല. എനിക്ക് വേറെ വഴി ഇല്ല അമ്മെ.
എനിക്ക് ഒരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ജീവിതം ഞാന്‍ തിരഞ്ഞെടുക്കുമോ അമ്മെ? അമ്മയെ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുമോ? ധൈര്യമില്ല. അല്ലെങ്കില്‍ എന്നേ അവസാനിപ്പിച്ചേനെ.
എന്നെ പോലെ ഞാന്‍ മാത്രമല്ല. ഒരു പാട് പേരുണ്ട്. കെണിയില്‍ പെട്ട എലിയുടെ അവസ്ഥ ആണ്. പുറത്ത് പോകാനും വയ്യ. അവസാനം ഏതെങ്കിലും തോട്ടില്‍ മുക്കി കൊല്ലുമെന്നും ഉറപ്പാണ്. ആ അവസ്ഥയാണ് ഞങ്ങള്‍ക്ക്. ജീവിക്കാന്‍ അവകാശമില്ലത്തവര്‍…പലപ്പോഴും തോന്നിയിട്ടുണ്ട് ഞാന്‍ ഒരു അനാഥന്‍ ആയിരുന്നു എങ്കില്‍ എന്ന്. ഞാന്‍ മൂലം ദുഖിക്കാന്‍ ആരുമില്ലായിരുന്നു എങ്കില്‍ എന്ന്….”