വിലങ്ങാട് ഉരുൾ പൊട്ടൽ: റിട്ടയേഡ് അദ്ധ്യാപകൻ്റെ മൃതദേഹം കണ്ടെത്തി

എ കെ ജെ അയ്യര്‍
വ്യാഴം, 1 ഓഗസ്റ്റ് 2024 (17:06 IST)
കോഴിക്കോട്: കോഴക്കോട് ജില്ലയിലെ മലയോര മേഖലയായ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേ‍ർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60)യുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. 
 
വിലങ്ങാട്ടെ അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്.
 
 വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി പ്രദേശങ്ങളിൽ തുടർച്ചായി 9 തവണയാണ് ഉരുൾപൊട്ടിയത്. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. നദീതീരത്തെ 12 വീടുകൾ ഒലിച്ചു പോയി. വെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങളും തക‍ർന്നിരുന്നു.
 
വിലങ്ങാട്ട് ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു കുളത്തിങ്കൽ മാത്യു എന്ന മത്തായി. അപകടത്തിൽ പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റർ നീളത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറിയതോടെ നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണിപ്പോൾ

അനുബന്ധ വാര്‍ത്തകള്‍

Next Article