സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടുമയെ മണ്ണുമാന്തി കൊണ്ട് അടിച്ചുകൊന്നു. കാട്ടാക്കട കീഴാരൂരില്‍ ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. പ്രതിയാണെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്.
സംഗീതിന്റെ ഭൂമിയില്‍ നിന്ന് അനുവാദത്തോടുകൂടി നേരത്തെ മണ്ണെടുത്തിരുന്നു. എന്നാല്‍ മറ്റൊരുസംഘം അനുവാദമില്ലാതെ ഇന്നലെ രാത്രി എത്തി മണ്ണെടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സംഗീത് മണ്ണുമാന്തിയുടെ മുന്നില്‍ കയറി നിന്നു. തുടര്‍ന്ന് ജെസിബി കൊണ്ട് ഇടിച്ചിടുകയായിരുന്നു.
ശ്വാസം തടസ്സം ഉണ്ടായ സംഗീതിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. പ്രവാസിയായിരുന്ന സംഗീത്, വീടിന് ചേര്‍ന്നുള്ള പുരയിടത്തില്‍ വനംവകുപ്പിനാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ മറ്റൊരു സംഘമാണ് ഇവിടെയെത്തി കഴിഞ്ഞ ദിവസം അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഗീതിന്റെ വീടിന്റെ മതിലും ജെസിബി ഉപയോഗിച്ച് ഇവര്‍ തകര്‍ത്തിട്ടുണ്ട്.