എസ്എഫ്ഐ പ്രാദേശിക നേതാക്കൾ പൊലീസിനെതിരെ നടത്തിയ ഗുണ്ടാ മോഡൽ ഭീഷണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പാലാ പോളിടെക്നിക്കിൽ ഇന്നലെയാണ് സംഭവം അരങ്ങേറിയത്. കെഎസ്‌യു എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ എത്തിയതാണ് എസ്ഐ പി കെ മാണി യുടെ നേതൃത്വത്തിലുള്ള സംഘം. തർക്കത്തിൽ ഇടപെട്ടതോടെയാണ് രാമപുരം സ്വദേശിയായ എസ്എഫ്ഐ നേതാവ് വിഷ്ണു പൊലീസിനെ ഭീഷണിപ്പെടുത്തുന്നത്.
അസഭ്യ വാക്കുകൾ ഉപയോഗിച്ചു കൊണ്ടാണ് ഭീഷണി. സംഭവത്തെ തുടർന്ന് പൊലീസ് സമചിത്തത പാലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാമപുരം സ്വദേശിയായ വിഷ്ണു പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ നേരത്തെയും പ്രതിയാണെന്ന് പാലാ സിഐ വ്യക്തമാക്കി. പൊലീസിൻറെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല.