ജിഷയുടെ കൊലപാതകം : തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രചാരം കൊടുക്കേണ്ടെന്ന് പൊലീസിന് ഉന്നതര്‍ നിര്‍ദേശം നല്‍കി

Webdunia
തിങ്കള്‍, 9 മെയ് 2016 (08:27 IST)
പെരുമ്പാവൂരില്‍ ജിഷ കൊലപാതക കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. കൊലപാതകം നടന്ന ആദ്യ ദിവസങ്ങളിലാന് പൊലീസ് ഇതിനു ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അധികം പ്രചാരം കൊടുക്കേണ്ടെന്നും ഉന്നതര്‍ നിര്‍ദേശം കൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
 
കഴിഞ്ഞ മാസം 28ന് രാത്രിയോടെയാണ് പെരുമ്പാവൂരിലെ വീട്ടില്‍ വച്ച ജിഷ കൊല്ലപ്പെട്ടത്. തലക്കടിയേറ്റ് ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ ദിവസം മാധ്യമങ്ങളോട് പൊലീസ് പറഞ്ഞത്. അതിനു തൊട്ടടുത്ത ദിവസങ്ങളിലും മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വിവരം നല്‍കാതിരിക്കുന്നതില്‍ പൊലീസ് വിജയിച്ചു. കൂടാതെ അയല്‍വാസികളാരും കേസില്‍ കൂടുതല്‍ താല്‍പര്യമെടുക്കാതിരുന്നതും പൊലീസിന് തുണയായി. എന്നാല്‍ മേയ് ഒന്നിന് ജിഷയുടെ സഹപാഠികളായ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികള്‍ ജിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നായിരുന്നു സംഭവത്തിന്റെ ഗുരുതരാവസ്ഥയും ഗൗരവവും മനസ്സിലാകുന്നത്. 
 
അതിനുശേഷം അവര്‍ ഫേസ്‌ബുക്കിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചു. അന്ന് വൈകുന്നേരം മുതലാണ് ദൃശ്യമാധ്യമങ്ങള്‍ വഴി വാര്‍ത്ത പുറം ലോകം അറിയുന്നത്. തൊട്ടടുത്ത ദിവസം മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയായിരുന്നു. കൊലപാതകത്തില്‍ പൊലീസ് ചെയ്യേണ്ട നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ലൈംഗിക പീഡനം നടന്ന കാര്യം പോലും  ആദ്യ എഫ് ഐ ആറില്‍ ഉണ്ടായിരുന്നില്ല. കൊലപാതകം നടന്ന ജിഷയുടെ വീടും പരിസരവും സീല്‍ ചെയ്തതുപോലും ഇല്ല. ഞായറാഴ്ചയായിരുന്നു സംഭവ സ്ഥലം പൊലീസ് സീല്‍ ചെയ്തത്. അപ്പോഴേക്കും അവശേഷിക്കുന്ന എല്ലാ തെളിവുകളും നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article