ധര്‍മ്മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയന്റെ ഫ്‌ളക്‍സ് ബോര്‍ഡുകളും പോസ്‌റ്ററുകളും കത്തിച്ചു. പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ചിരുന്ന മുന്നൂറടി നീളമുള്ള ഫ്‌ളക്‍സും പ്രദേശത്ത് ഒട്ടിച്ചിരുന്ന പോസ്‌റ്ററുകളുമാണ് നശിപ്പിക്കപ്പെട്ടത്.
ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. പാണ്ട്യാലമുക്കിലെ പുത്തന്‍കണ്ടത്താണ് പിണറായിയുടെ ജീവചരിത്രം ആലേഖനം ചെയ്‌തു മുന്നൂറടി നീളമുള്ള ഫ്‌ളക്‍സ്നശിപ്പിക്കപ്പെട്ടത്. ഫ്‌ളക്‍സ് കീറി നിലത്തിട്ട ശേഷം സമീപത്തെ പോസ്‌റ്ററുകള്‍ നശിപ്പിക്കുകയും കൂട്ടിയിട്ട് തീ കത്തിക്കുകയുമായിരുന്നു.
ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഫ്ളക്സ് ബോർഡിന് തീവച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവ സ്ഥലം പിണറായി വിജയൻ സന്ദർശിച്ചു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നേരത്തേ ട്രെയിനിൽ സ്ഥാപിച്ചിരുന്ന എൽ.ഡി.എഫിന്‍റെ പ്രചരണ ബോർഡും നശിപ്പിക്കപ്പെട്ടിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫ്ളക്‍സ് നശിപ്പിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. പ്രചാരണത്തില്‍ പിന്നിലേക്ക് പോയതിന്റെ വാശിയില്‍ പിണറായിയുടെ പോസ്‌റ്ററുകള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.