യുഡിഎഫിലേക്കുള്ള മടക്കത്തിന് സൂചന നല്‍കി കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി രംഗത്ത്. കേരളാ കോൺഗ്രസിന് ആരോടും പ്രത്യേക അടുപ്പമോ എതിർപ്പോ ഇല്ല. ഞങ്ങള്‍ ഇപ്പോള്‍ സ്വതന്ത്രരായാണ് നിൽക്കുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോൺ ഗ്രസിന് എപ്പോഴും എവിടേയും ക്ഷണമുണ്ട്. അതിനാല്‍ അക്കാര്യങ്ങള്‍ വേണ്ട സമയത്ത് തീരുമാനിക്കും. എല്ലാവരോടും തുറന്ന സമീപനമാണ് പാര്‍ട്ടിക്കുള്ളത്. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ചിത്രം പുറത്തുവന്നിട്ടില്ല. അതിനുശേഷമാകും ആർക്ക് പിന്തുണ നൽകണമെന്ന കാര്യം തീരുമാനിക്കുകയെന്നും മാണി വ്യക്തമാക്കി.
ഉമ്മൻചാണ്ടിയും താനും രാഷ്ട്രീയം കളിച്ച് പഠിച്ചവരും നന്നായി തുഴയാൻ അറിയുന്നവരാണ്. ഒരുമിച്ച് കാണുമ്പോള്‍ പല കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യാറുണ്ട്. അതൊക്കെ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യാൻ തുടങ്ങിയാൽ വിഷമിച്ചു പോകുമെന്നും മാണി കൂട്ടിച്ചേര്‍ത്തു.
ഇനി ഒരുമിച്ച് തുഴയാമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒന്നിച്ചോ ഒറ്റയ്ക്കോ തുഴയും എന്നായിരുന്നു മാണിയുടെ മറുപടി.