മട്ടന്നൂര്‍ നഗരസഭ തുടർച്ചയായി അഞ്ചാം തവണയും ചുവന്നു. വോട്ടെടുപ്പ് നടന്ന 35 വാർഡുകളിൽ 28 ലും എൽഡിഎഫ് വിജയിച്ചു. ഏഴിടത്തു മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ഒമ്പതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞ തവണ രണ്ട് വാർഡുകളിൽ മാത്രം രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ച ബിജെപിക്ക് ഇത്തവണ ഒമ്പതു വാർഡുകളിൽ രണ്ടാം സ്ഥാനം നേടാനായി എന്നതുമാത്രമാണ് ആശ്വാസകരമായത്. നാലു വാർഡുകളിൽ വിജയപ്രതീക്ഷയുണ്ടെന്നായിരന്നു ബിജെപി കേന്ദ്രങ്ങൾ നേരത്തെ അറിയിച്ചിരുന്നത്.
35 വാര്‍ഡുകളിലായി നടന്ന വോട്ടെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 93.4 ശതമാനം പോളിങ് രേഖപ്പെടുത്തിയ മേറ്റടി വാര്‍ഡാണ് മുന്നില്‍.
തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിനു തന്നെ രാഷ്ട്രീയസന്ദേശമാണു നല്‍കുന്നതെന്നു സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പിജയരാജന്‍ പറഞ്ഞു. ബിജെപിയുടേയും ആര്‍എസ്എസിന്‍റേയും രാഷ്ട്രീയതന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ നിലവില്‍ വന്ന 1997 മുതല്‍ 20 വര്‍ഷമായി ഇടതുമുന്നണിയാണ് മട്ടന്നൂര്‍ ഭരിക്കുന്നത്.