നിയമസഭയില്‍ പ്രസ്താവന നടത്തിയതിന് മുന്‍മന്ത്രി കെ എം മാണിക്കെതിരെ പ്രതിപക്ഷം. മാണി പ്രസ്താവന നടത്താൻ പാടില്ലെന്ന് സി പി ഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരൻ ക്രമപ്രശ്നം ഉന്നയിച്ചു.
സഭാ സമ്മേളനം തുടങ്ങി ആറാം ദിവസമാണ് മാണി പ്രസ്താവന നടത്തിയത്. ഇതിനുള്ള സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്.
എന്നാല്‍, മന്ത്രിസ്ഥാനം രാജിവെച്ച അംഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം 64 പ്രകാരം പ്രത്യേക അനുമതിയോടെ പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. മുമ്പും ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്പീക്കര്‍ അറിയിച്ചു.
ബാർകോഴ കേസിൽ തന്‍റെ ഭാഗം കേൾക്കാതെ ഹൈകോടതി നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്ന് ആയിരുന്നു മാണിയുടെ പ്രസ്താവന. ഉന്നത മൂല്യങ്ങൾ ഉയർത്തിപിടിച്ചാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. താൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും മാണി പ്രസ്താവനയില്‍ വ്യക്തമാക്കി.