കെവിൽ വധക്കേസിൽ നീനുവിന്റെ മൊഴി കേൾക്കാതെ പ്രതിപ്പട്ടികയിൽ നിന്നും രഹ്‌നയെ ഒഴിവാക്കാൻ പൊലീസ് കരുക്കൾ നീക്കുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം രഹ്‌ന നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന നീനുവിന്റെ മൊഴി പൊലീസ് അവഗണിച്ചു.
മെയ് 26നാണ് രെഹ്‌ന കെവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ പ്രതികളിലൊരാളായ നിയാസിനോടൊപ്പമാണു രഹ്ന കെവിന്‍ കൊല്ലപ്പെടുന്നതിനു തലേ ദിവസം മാന്നാനത്തെത്തിയത്. കെവിനെ താമസിപ്പിച്ചിരുന്ന അനീഷിന്‍റെ വീട് കണ്ടെത്തുന്നതും രഹ്നയുടെ നേതൃത്വത്തിലാണ്. കെവിനെ തട്ടിക്കൊണ്ടു പോകാനും കൊലപ്പെടുത്താനും പദ്ധതിയിട്ടതു രഹ്നയുടെ അറിവോടെയാണെന്നും നീനു ഉറച്ചു വിശ്വസിക്കുന്നു.
ഈ വാക്കുകൾ ഒന്നും പരിഗണിക്കാതെയാണ് രഹ്‌നയെ അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. രഹ്‌നയ്‌ക്കെതിരെ തെളിവുകൾ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. രഹ്‌നയെ ഒരുതവണ പോലും ചോദ്യം ചെയ്യാൻ പൊലീസി തയ്യാറായില്ല. ഒളിവിൽ പോയ രഹ്‌നയെ പിടിക്കാനും പൊലീസ് മിനക്കെട്ടില്ല.