സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജനുവരി 2022 (19:38 IST)
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റര്‍ എന്നിവയുള്‍പ്പെടെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളവരുടേയും മറ്റസുഖങ്ങളുള്ളവരുടേയും ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം.
 
ഡേറ്റ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും. കോവിഡിന്റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. അതുപോലെ ഈ സമയത്തും മന്ത്രി പിന്തുണ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രതിദിന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
 
അതിതീവ്ര വ്യാപന സമയത്ത് കോവിഡ് വാക്‌സിനേഷന്‍ ഡോസുകളുടെ ഇടവേളയില്‍ കാലതാമസം വരുത്തരുതെന്ന് ആര്‍ആര്‍ടി യോഗം വിലയിരുത്തി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 83 ശതമാനമാണ്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണം. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article