പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് ഈ ആഴ്ചയും മന്ത്രിസഭായോഗം ചേരില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ഇന്നും മന്ത്രിസഭാ യോഗം ചേരില്ല. മുഖ്യമന്ത്രി ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയ ശേഷം ഗവര്‍ണര്‍ പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തിയിരുന്നു.
പക്ഷേ മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയ ശേഷം ഇതുവരെ സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ചേര്‍ന്നിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തത് ഭരണസ്തംഭനത്തിന് കാരണമായിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഈ ആഴ്ചയും മന്ത്രിസഭ ചേരാത്തതിനാൽ നവകേരള നിര്‍മ്മാണത്തിന്റെ അടക്കമുള്ള പലകാര്യങ്ങളിലും തീരുമാനം വൈകുമെന്ന് ഉറപ്പായി. ഇനിയുള്ളത് 19 നാണ്. 19നും മന്ത്രിസഭ ചേരാത്ത പക്ഷം പിന്നീട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തന്നെ യോഗം ചേരാനാണ് സാധ്യത. ചികിത്സയ്ക്ക് ശേഷം 24ന് മുഖ്യമന്ത്രി തിരികെ എത്തുമെന്നാണ് വിവരം.
മന്ത്രിമാര്‍ എല്ലാവരും ദുരിതാശ്വാസ നിധിയിലേക്കുള്ള പിരിവിനായി വിവിധ ജില്ലകളിലാണ്. അതുകൊണ്ട് മന്ത്രിസഭായോഗം ചേരാന്‍ സാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്ന് ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ അഞ്ചംഗ മന്ത്രിസഭാ ഉപസമിതി യോഗം ചേരും. പക്ഷേ ഉപസമിതിക്ക് നിര്‍ദേശങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ മാത്രമേ അധികാരമുള്ളൂ. നയ തീരുമാനമെടുക്കാന്‍ ഈ സമിതിക്ക് അധികാരമില്ല.