പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സെപ്തംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധന സമാഹരണ യജ്ഞത്തില്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളില്‍ ധനസമാഹരണത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറാഞ്ഞു.
30,000 കോടിയിലേറെ നഷ്ടമാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ പുനര്‍നിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും സഹായവും സഹകരണവും ഉറപ്പാക്കേണ്ടതുണ്ട്.
ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കുന്നതിനോട് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പൊതുവെ അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ സമൂഹത്തില്‍ ഉയര്‍ന്ന തലത്തില്‍ സേവനങ്ങള്‍ നല്‍കുന്ന പ്രൊഫഷണലുകള്‍, വ്യാപാരികള്‍, വ്യവസായികള്‍, വാഹന ഉടമകള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും കേരള പുനര്‍നിര്‍മ്മിതിയില്‍ കാര്യമായ പങ്ക് വഹിക്കാനാവും.