തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണത്തിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ശ്രീനു എസ്
ശനി, 7 നവം‌ബര്‍ 2020 (20:45 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയില്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ചുവരെഴുത്തിലടക്കം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.
 
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യം എഴുതുന്നതിനോ സ്ഥാപിക്കുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും നിര്‍ബന്ധമായും പരസ്യത്തില്‍ ചേര്‍ത്തിരിക്കണം. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീര്‍ത്തിപ്പെടുത്തുന്നതും പ്രകോപനപരവുമായ പരസ്യങ്ങള്‍ പ്രചാരണത്തില്‍ പാടില്ല. മതവികാരം ഉണര്‍ത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ അടക്കമുള്ള ബീഭത്സ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളും പാടില്ല. 
 
മറ്റൊരു സ്ഥാനാര്‍ഥി പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നശിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന  രീതിയിലുള്ള പരസ്യങ്ങള്‍ വയ്ക്കാന്‍ പാടില്ല. നിലവിലുള്ള നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചു വേണം പരസ്യങ്ങള്‍ സ്ഥാപിക്കാന്‍.
 
വാഹന യാത്രികര്‍ക്കും കാല്‍ നടക്കാര്‍ക്കും മാര്‍ഗതടസമുണ്ടാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പു പരസ്യം സ്ഥാപിക്കരുത്. നടപ്പാത, റോഡുകളുടെ വളവുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളിലും റോഡിനു കുറുകേയും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങള്‍ക്കു ശല്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയിലും പരസ്യം വയ്ക്കരുത്. പൊതുജനങ്ങളുടേയോ വാഹനങ്ങളുടേയോ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ വാഹനങ്ങളില്‍ പരസ്യം സ്ഥാപിക്കരുത്. ബന്ധപ്പെട്ടവരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്റ്റുകളിലോ മൊബൈല്‍ ടവറുകളിലോ ടെലഫോണ്‍ പോസ്റ്റുകളിലോ പരസ്യം സ്ഥാപിക്കാനോ വരക്കാനോ എഴുതാനോ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.
 
വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ അതത് സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കം ചെയ്തു നശിപ്പിക്കുകയോ പുന:ചംക്രമണത്തിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു കൈമാറുകയോ ചെയ്യണം. നീക്കം ചെയ്തില്ലെങ്കില്‍, വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി പരസ്യം നീക്കം ചെയ്യുകയോ പുന: ചംക്രമണത്തിനായി ഏജന്‍സിക്കു കൈമാറുകയോ ചെയ്ത് അതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article