നാളെ മുതല്‍ സംസ്ഥാനത്ത് ടിപിആറിന്റെ പുതുക്കിയ ക്രമീകരണത്തിലെ നിയന്ത്രണങ്ങള്‍; ടിആര്‍പി അഞ്ചിനു താഴെയുള്ള പ്രദേശങ്ങള്‍ മാത്രം എ കാറ്റഗറിയില്‍

ശ്രീനു എസ്
ചൊവ്വ, 6 ജൂലൈ 2021 (17:58 IST)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി.  
 
15 ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. ജൂലൈ എഴ് ബുധനാഴ്ച മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും. എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പ്പെടുക. 
 
എ, ബി എന്നീ  വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക്  ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്.  വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article