ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ചൊവ്വ, 6 ജൂലൈ 2021 (15:52 IST)
കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന 
 
സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും നിയമസഭയിലെ ജീവനക്കാര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. 
 
ശ്രീധരന്‍പിള്ള ഗോവയിലേക്ക് മാറ്റി 
 
പി.എസ്.ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ആസന്നമായിരിക്കെ എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ചു. ശ്രീധരന്‍പിള്ളയെ ഗോവയിലേക്കാണ് മാറ്റിയത്. ഹരിബാബു കംമ്പാട്ടിയാണ് പുതിയ മിസോറാം ഗവര്‍ണര്‍.
 
കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലം 
 
സംസ്ഥാനത്ത് ഇത്തവണ കാലാവര്‍ഷം ദുര്‍ബലമാണെന്ന് വിലയിരുത്തല്‍. മണ്‍സൂണ്‍ തുടങ്ങി ലഭിക്കേണ്ട മഴയുടെ അളവില്‍ 36 ശതമാനം കുറവാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്‍സൂണ്‍ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 
കേരളത്തില്‍ രോഗവ്യാപനം കുറയ്ക്കാന്‍ നടപടി 
 
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്. ആറു ജില്ലകളില്‍ പരിശോധന കൂട്ടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് രോഗസ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതല്‍. ജില്ലാ കലക്ടര്‍മാരുടേയും ഡിഎംഒമാരുടേയും യോഗം വിളിച്ചു ചേര്‍ത്ത ആരോഗ്യമന്ത്രി വീണ ജോര്‍ജ് രോഗ്യവാപന നിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. പരിശോധന പരമാവധി കൂട്ടണം. സമ്പര്‍ക്കപ്പട്ടിക തയാറാക്കലും ക്വാറന്റൈനും കാര്യക്ഷമമാക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ ഡിസിസികളിലേയ്ക്ക് മാറ്റണം. അനുബന്ധരോഗമുളളവരെ ആശുപത്രികളിലേയ്ക്ക് മാറ്റണമെന്നും നിര്‍ദേശം നല്‍കി.
 
രാജ്യത്ത് മൂന്നാം തരംഗ മുന്നറിയിപ്പ് 
 
കോവിഡ് രണ്ടാം തരംഗം കൃത്യമായി പ്രവചിച്ചവര്‍ ഇന്ത്യയിലെ മൂന്നാം തരംഗവും പ്രവചിച്ചിരിക്കുന്നു. എസ്.ബി.ഐ. റിസര്‍ച്ച് സമിതിയാണ് ഇന്ത്യയിലെ മൂന്നാം തരംഗം പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ മൂന്നാം തരംഗം തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. 
 
അര്‍ജുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍
 
ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്രൂരപീഡനത്തിനു ശേഷം ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് നാട്ടുകാര്‍ അര്‍ജുനെ കണ്ടിരുന്നത്. എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന വ്യക്തിയാണ്. ജനകീയ പരിവേഷം മറയാക്കിയാണ് അര്‍ജുന്‍ ഇത്രയും ക്രൂരകൃത്യങ്ങള്‍ ചെയ്തിരുന്നത്. ആരും തന്നെ സംശയിക്കില്ലെന്ന് അര്‍ജ്ജുന് ഉറപ്പായിരുന്നു. പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയ ബന്ധുക്കള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഭക്ഷണം വിളമ്പിയതുമെല്ലാം അര്‍ജ്ജുന്റെ നേതൃത്വത്തിലായിരുന്നു.
 
ഫൈനലില്‍ മെസിയെ കിട്ടണമെന്ന് നെയ്മര്‍ 
 
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ കിട്ടണമെന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലിലെത്തിയത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന കൊളംബിയയെ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ ബ്രസീലുമായി ഏറ്റുമുട്ടും. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍