പ്രകൃതി ദുരന്തത്തില്‍ വീടുതകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക കൂട്ടാന്‍ തീരുമാനം

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (08:38 IST)
പ്രകൃതി ദുരന്തത്തിൽ വീടു തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. 75 ശതമാനവും അതിനുമേലേയും നാശമുണ്ടായ വീടുകളെ പൂര്‍ണ്ണമായി തകര്‍ന്ന വീടുകളായി കണക്കാക്കും. 
 
പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ ഒഴികെ മറ്റുളളവയെ നാലു വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്. കുറഞ്ഞത് 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 4,800 രൂപ അടക്കം 10,000 രൂപ നല്‍കും. ഏതു മേഖലയിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്ത് മൊത്തം 4 ലക്ഷം രൂപ ഓരോ വീടിനും നല്‍കും. 
 
കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണനിധിയില്‍ നിന്നും നല്‍കുന്നത്. മലയോരപ്രദേശത്ത് 2,98,100 രൂപയും സമതലപ്രദേശത്ത് 3,04,900 രൂപയും ദുരന്തപ്രതികരണനിധിയില്‍ നിന്നുളള തുകയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.
 
നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിക്കുമ്പോള്‍ ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയില്‍ ആയിരം കോടിയിലധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ചെലവഴിക്കുക. നഷ്‌ടത്തിന്റെ വ്യാപ്‌തി മനസ്സിലാക്കിക്കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article