ശബരിമല ഭക്തരുടേതാണ്, ബോര്‍ഡ് ക്ഷേത്രത്തിന്‍റെ ഉടമയല്ല; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിഷമമുണ്ടാക്കിയെന്നും പന്തളം കൊട്ടാരം

ബുധന്‍, 24 ഒക്‌ടോബര്‍ 2018 (14:34 IST)
ശബരിമല ക്ഷേത്രം ദേവസ്വം ബോർഡിന്റേതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ പന്തളം രാജകുടുംബം. ക്ഷേത്രം ഭക്തരുടേതാണെന്നും മേൽക്കോയ്മ അധികാരമാണ് ദേവസ്വം ബോർഡിനുള്ളതെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ വ്യക്തമാക്കി.

കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ച് വർഷം കൂടുമ്പോള്‍ മാറുന്നതല്ല. ശബരിമലയുടെ ഉടമസ്ഥര്‍  ദേവസ്വം ബോർഡ് ആണെന്ന വാദം തെറ്റാണ്. കവനന്‍റ് പ്രകാരം ക്ഷേത്രം കൈമാറിയവർക്കും അവകാശമുണ്ട് . ആചാരലംഘനം നടന്നാൽ ചോദിക്കാനുള്ള അവകാശം ഭക്തർക്കും ഉണ്ടെന്നും ശശികുമാർ വർമ പറഞ്ഞു.

ശബരിമലയിലെ വരുമാനത്തിൽ രാജകൊട്ടാരത്തിന് കണ്ണില്ല. എന്നാല്‍ അതിൽ കണ്ണ് നട്ടിരിക്കുന്നവരുണ്ട്. ദേവസ്വം ബോർഡിൽ നിന്ന് അഞ്ച് പൈസ ചോദിച്ചിട്ടില്ല. എന്നാൽ,​ ലഭിക്കേണ്ടത് ലഭിച്ചേ മതിയാകൂ. ബോർഡിന്റെ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും ഞങ്ങൾ ചോദിക്കില്ലെന്നും രാജകുടുംബം കൂട്ടിച്ചേര്‍ത്തു.

തിരുവിതാംകൂറില്‍ നിന്ന് അന്നത്തെ കാലത്ത് പണം വാങ്ങിയത് രാജ്യ സുരക്ഷയ്ക്കാണ്. അല്ലാതെ സ്വകാര്യ ആവിശ്യത്തിനല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ പലതും വിഷമമുണ്ടാക്കി. ആചാരം സംബന്ധിച്ച് തന്ത്രിയാണ് അവസാന വാക്ക്. ആചാരപരമായ കാര്യങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറയല്ലെന്നും ശശികുമാര വർമ്മ  വ്യക്തമാക്കി.

എല്ലാ ക്ഷേത്രങ്ങളിലെയും തന്ത്രിമാര്‍ ബ്രഹ്മചാരിയാകണമെന്ന് നിയമമില്ല. ചില ക്ഷേത്രങ്ങളില്‍ അങ്ങനെയുണ്ട്. ശബരിമലയിലെ ആചാരം അതല്ലെന്നും പത്രസമ്മേളനത്തില്‍ ശശികുമാര വർമ്മ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍