21,000 കോടിയുടെ കേന്ദ്രസഹായം നഷ്ടമാകും? സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 3 മാസം സാവകാശം തേടി കേരളം

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2023 (18:57 IST)
ഇടത് സംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്ന് വെച്ച സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കാന്‍ 3 മാസത്തെ സാവകാശം ചോദിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ഊര്‍ജ സെക്രട്ടറിക്ക് വൈദ്യുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് കത്തയച്ചത്.
 
2 ഘട്ടങ്ങളിലായി ആകെ 21,000 കോടി രൂപയോളം സഹായം ലഭിക്കുന്നതാണ് വൈദ്യുതിമേഖലയിലെ നവീകരണത്തിന് സഹായിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി. ആദ്യഘട്ടത്തില്‍ 10,475 കോടി പദ്ധതിക്ക് ലഭിക്കും. ഇതില്‍ 8206 കോടി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കും 2,269 കോടി വൈദ്യുതി വിതരണ നഷ്ടം കുറയ്ക്കുന്നതിനുമാണ്. ഇതിന് പുറമെ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 2000 കോടി രൂപയുടെ ഗ്രാന്‍ഡും ലഭിക്കും. 21,000 കോടിയുടെ കേന്ദ്രസഹായം ഉപേക്ഷിക്കുന്നത് കേന്ദ്രത്തില്‍ നിന്നുള്ള മറ്റ് സഹായപദ്ധതികളെയും വായ്പ പരിധിയെയും ബാധിക്കുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. നിലവില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയോട് മുഖം തിരിച്ചിട്ടുള്ള ഏക സംസ്ഥാനമാണ് കേരളം.
 
രാജ്യത്താകെ 3.05 ലക്ഷം കോടി രൂപ മുടക്കിയാണ് റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം നടപ്പാക്കുന്നത്. വൈദ്യുതമേഖലയെ നവീകരിക്കുക. വിതരണനഷ്ടം കുറയ്ക്കുക എന്നിവ പദ്ധതി ലക്ഷ്യം വെയ്ക്കുമ്പോള്‍ പദ്ധതി കെഎസ്ഇബിക്കും ഉപഭോക്താക്കള്‍ക്കും കടുത്ത സാമ്പത്തിക ബാധ്യതയാകുമെന്നാണ് ഇടത് സംഘടനകള്‍ ചൂണ്ടികാണിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ വഴി നടപ്പാക്കുന്ന പദ്ധതി കേരളത്തില്‍ സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയുമുണ്ട്. ഇതിനെ തുടര്‍ന്നാണ് പദ്ധതിക്ക് എതിര്‍പ്പുമായി ഇടത് സംഘടനകള്‍ രംഗത്ത് വന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article