കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. രാവിലെ 10.06ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. 10.10ഓടെ അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം പറന്നുയർന്നു.
ഇന്ന് വൈകിട്ട് ഏഴു മണിയോടെ യാത്രക്കാരുമായുള്ള ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.
ഉദ്ഘാടന ദിനത്തിമായ ഇന്ന് തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര വിമാന സര്‍വീസിനും തുടക്കമാകും. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗോ എയര്‍ വിമാനമാണ് സര്‍വീസ് നടത്തുക.
രാവിലെ എട്ടിന് തുടങ്ങിയ കലാ - സാംസ്‌കാരിക പരിപാടികളോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഡിപ്പാര്‍ച്ചര്‍ ഹാളിലായിരുന്നു ടെര്‍മിനിലിന്റെ ഉദ്ഘാടനം.
ഉദ്ഘാടന ദിനമായ ഇന്ന് ആദ്യ വിമാനത്തിലെ യാത്രക്കാര്‍ ഏഴ് മണിക്ക് മുമ്പ് തന്നെ എമിഗ്രേഷന്‍ ക്ലിയറന്‍സ് പരിശോധനക്ക് വേണ്ടി എത്തിയിരുന്നു. നിലവില്‍ വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അതിനായി ശ്രമങ്ങള്‍ നടത്തി വരികയാണ്.