ഉടന്‍ മല കയറുമെന്ന് തൃപ്തി ദേശായി, സന്നിധാനത്ത് ഇനിയും എത്തുമെന്ന് കനകദുര്‍ഗ

തുമ്പി ഏബ്രഹാം
വ്യാഴം, 14 നവം‌ബര്‍ 2019 (12:40 IST)
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലവിലെ വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ ഇനിയും ശബരിമലയ്ക്ക് പോകുമെന്ന് കനകദുര്‍ഗ. വിധി പുനഃപരിശോധിക്കാനുളള സുപ്രീംകോടതിയുടെ തീരുമാന നിരാശപ്പെടുത്തുന്നില്ല. യുക്തിപൂര്‍വമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ മാറ്റം വരുത്തിയതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും വിശാലബെഞ്ച് കാര്യങ്ങളില്‍ തീരുമാനം എടുക്കട്ടെ എന്നും കനകദുര്‍ഗ പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള യുവതികള്‍ക്ക് സുപ്രീംകോടതിയില്‍ പ്രവേശിക്കാമെന്ന ഉത്തരവിനെ തുടര്‍ന്ന് സന്നിധാനത്ത് എത്തിയ ആദ്യ യുവതികളില്‍ ഒരാളാണ് കനകദുര്‍ഗ. വിധി അനുകൂലമായാല്‍ ഉടന്‍ ശബരിമലയില്‍ എത്തുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അറിയിച്ചിരുന്നു.
 
ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം  അനുവദിച്ച 2018 സെപതംബര്‍ 28ന്റെ ചരിത്രവിധി വിശാലബെഞ്ചിന് വിടാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ഏഴംഗങ്ങള്‍ അടങ്ങിയ വിശാല ഭരണഘടനാ ബെഞ്ച് ആയിരിക്കും വിധി പുനഃപരിശോധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് പുനഃപരിശോധിക്കണം എന്ന നിലപാട് എടുത്തത്.
 
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, റോഹിന്റണ്‍ നരിമാന്‍ എന്നിവര്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി. 2018ല്‍ യുവതി പ്രവേശം അനുകൂലിച്ച വിധി പ്രസ്താവിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ഇത്തവണ പുനഃപരിശോധിക്കാം എന്ന് നിലപാട് മാറ്റിയതാണ് വിധിയിലെ സുപ്രധാന മാറ്റം. ഇതിനൊപ്പം യുവതി പ്രവേശനം അനുവദിച്ച വിധിയെഴുതിയ അന്നത്തെ ചീഫ് ജസ്റ്റിസിന് പകരം ഇപ്പോള്‍ ബെഞ്ചില്‍ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും പുനഃപരിശോധിക്കണം എന്ന നിലപാട് എടുത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article