ശബരിമല യുവതിപ്രവേശനം: നിർണായക വിധി രാവിലെ 10.30ന്; സംസ്ഥാനത്ത് കനത്ത ജാഗ്രത; നവമാധ്യമങ്ങൾക്ക് നിയന്ത്രണം

തുമ്പി ഏബ്രഹാം

വ്യാഴം, 14 നവം‌ബര്‍ 2019 (07:56 IST)
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജികളില്‍ ഇന്ന് വിധി വരാനിരിക്കെ സംസ്ഥാനത്ത് പൊലീസ് കനത്ത ജാഗ്രതയില്‍. ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ശബരിമല വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടെത്തിയ അമ്പതിലധികം ഹർജികളിലാണ് ഇന്ന് വിധി പറയുന്നത്.
 
നവമാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. നവമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അയോധ്യ വിധി വരുമ്പോഴും നവമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
 
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചില്‍. ഇതില്‍ നാല് ജഡ്ജിമാര്‍ യുവതി പ്രവേശനം ശരിവെച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനെ എതിര്‍ത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍