അനര്‍ട്ട് ഡയറക്ടര്‍ നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നതിന് തെളിവില്ലെന്ന് വിജിലന്‍സ്; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ അന്വേഷണം അവസാനിപ്പിച്ചു

Webdunia
ബുധന്‍, 31 ജനുവരി 2018 (09:57 IST)
അനര്‍ട്ട് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. അനര്‍ട്ട് ഡയറക്ടര്‍ നിയമനത്തില്‍ മന്ത്രി ക്രമക്കേട് കാണിച്ചു എന്നതിന് തെളിവില്ലെന്ന് അറിയിച്ച വിജിലന്‍സ്, അത്തരം നിയമനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നും ശുപാര്‍ശ ചെയ്തു. 
 
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമിച്ചതെന്നായിരുന്നു മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. ചീഫ് സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, ഊര്‍ജ സെക്രട്ടറി എന്നിവര്‍ നടത്തേണ്ട നിയമനം മന്ത്രി നേരിട്ടാണ് നടത്തിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 
 
മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് അനര്‍ട്ടില്‍ ഹരികുമാറിന് നിയമനം നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. കോവളം എംഎല്‍എ എം വിന്‍സന്റാണ് മന്ത്രി കടകംപള്ളിക്കെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article