ജയിലിനുള്ളില്‍ നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുത്: മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഡിസം‌ബര്‍ 2022 (18:32 IST)
അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള ഒരു സാഹചര്യവും ജയിലുകളില്‍ സൃഷ്ടിക്കപ്പെടാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും ജയിലിനകത്ത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ചെയ്യുന്ന ഉദ്യോഗസ്ഥരോടു സര്‍ക്കാരിന് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജയില്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍, ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ജയിലില്‍ എത്തിപ്പെടുന്നവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതു പുതിയ വ്യക്തിയായിട്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുറ്റംചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന ഒരു സാഹചര്യവും ജയിലുകളില്‍ ഉണ്ടാകാന്‍ പാടില്ല. അത്തരം പരാതികളോടു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണുന്ന പ്രവണതയുമുണ്ടാകരുത്. കോടതി ശിക്ഷിക്കുംവരെ അവര്‍ നിരപരാധികളാണെന്ന നിലയില്‍ത്തന്നെ കാണുകയും സമീപിക്കുകയും വേണം. തടവുകാരുടെ അവകാശങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഒരുതരത്തിലും ലംഘിക്കാന്‍ ഇടവരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article