ബലാത്സംഗക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്‌തേക്കും. ചോദ്യം ചെയ്യുന്നതിനായി ബിഷപ്പ് ഹൗസിലെത്തിയ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് പഞ്ചാബ് പൊലീസ് വന്‍സന്നാഹമാണ് ഒരുക്കിയത്. അറസ്‌റ്റ് നടപടികള്‍ മുന്നില്‍ കണ്ടാണ് ഈ ഒരുക്കമെന്നാണ് റിപ്പോര്‍ട്ട്.
വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്‌റ്റ് ഉണ്ടാകും. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സായുധ സേനയേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അറസ്‌റ്റ് നടപടിയില്‍ അന്വേഷണ സംഘത്തിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ഹൈക്കേടതി വ്യക്തമാക്കിയത് ബിഷപ്പിന് തിരിച്ചടിയാകും. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.
പരാതിക്കാരി കന്യാസ്‌ത്രീ ആയതിനാല്‍ പൊലീസിനെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു എതിര്‍പ്പും ഉണ്ടായിട്ടുമില്ല. കഴിഞ്ഞ ദിവസം ബിഷപ്പിനെതിരെ നാല് വൈദികര്‍ മൊഴി നല്‍കിയത് ഫ്രാങ്കോ മുളയ്‌ക്കലിന് തിരിച്ചടിയാകും.