മഠത്തില്‍വെച്ച് ബിഷപ്പ് രണ്ടുതവണ പീഡിപ്പിച്ചു, ഫോണിലൂടെ അശ്ലീലം പറഞ്ഞു‘; കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കയച്ച കത്തുകളുടെ പകർപ്പ് പുറത്ത്
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (17:26 IST)
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ ലൈംഗിക ആരോപണത്തിൽ പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കയച്ച രണ്ടു കത്തുകളുടെ പകർപ്പ് പുറത്ത്. ഈ വര്‍ഷം ജനുവരി 28നും ജൂണ്‍ 24നും കൈകൊണ്ട് എഴുതി അയച്ച കത്തുകളാണ് പുറത്തുവന്നത്.
ജനുവരി 28ന് അയച്ച പരാതിയില്‍ മറുപടി ലഭിക്കാതെ വന്നതോടെയാണ് ജൂണ്‍ 24ന് വീണ്ടും പരാതി നല്‍കിയത്. ബാംഗ്ലൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴി വത്തിക്കാന്‍ നൂണ്‍ഷ്യോയ്‌ക്കാണ് കന്യാസ്‌ത്രീ പരാതി നല്‍കിയത്.
ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിച്ചു, മാനസികമായി പീഡിപ്പിച്ചു, കുടുംബത്തെ അപമാനിച്ചു, സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചു, കള്ളക്കേസുകളുണ്ടാക്കി, ഫോണിലൂടെ അശ്ലീലം പറഞ്ഞു - എന്നീ കാര്യങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
ആദ്യം അയച്ച കത്തിന് വത്തിക്കാന്‍ എന്തു നടപടിയെടുത്തുവെന്ന് രണ്ടാമത്തെ കത്തില്‍ കന്യാസ്ത്രീ ചോദിക്കുന്നുണ്ട്. ഭയന്നിട്ടാണ് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നതെന്നാണു ഇവര്‍ നൽകുന്ന വിശദീകരണം.
2014 ഏപ്രിൽ 20നാണ് ആദ്യ പീഡനത്തിന് ഇരയായതെന്നു കന്യാസ്ത്രീ നേരത്തേ മൊഴി നൽകിയിരുന്നു. കുറവിലങ്ങാട്ടെ മഠം അതിഥി മന്ദിരത്തിൽ എത്തിയ ബിഷപ് തന്നെ 20മത് നമ്പർ മുറിയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു. വൃദ്ധസദനവും വനിതാ ഹോസ്റ്റലും പ്രവർത്തിക്കുന്ന മഠത്തിലെ ഗെസ്റ്റ് ഹൗസിൽ ബിഷപ്പുമാർ താമസിക്കാൻ പാടില്ലെന്നാണു ചട്ടം മറികടന്നാണ് ഫ്രാങ്കോ ഇവിടെ താമസിച്ചതെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നു.
കത്ത് പുറത്തായതോടെ വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ ലൈംഗിക പീഡനത്തെ കുറിച്ച് ഒരിടത്തും പരാതി നല്‍കിയിട്ടില്ലെന്ന സഭയിലെ ചില മേലധ്യക്ഷന്മാരുടെ വാദവും പൊളിഞ്ഞു. ഇനി ഈ പരാതി ലഭിച്ചോ എന്ന് വത്തിക്കാന്‍ സ്ഥികരീക്കേണ്ട കാര്യം മാത്രമേയുള്ളൂ.