ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ഞെട്ടിച്ചെന്നും നാലര വര്‍ഷക്കാലമായി എന്തുകൊണ്ട് ഒരു നടപടിയും എടുത്തില്ലെന്നും ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്നാണ് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി എടുത്തിട്ടൂണ്ടോ എന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വം എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വളരെ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മൗനം പാലിച്ചെന്ന് കോടതി ചോദിച്ചു.റിപ്പോര്‍ട്ട് പ്രസിദ്ധീകരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതിലാണ് നടപടിയെടുക്കാഞ്ഞതെന്ന് ഐജി അറിയിച്ചു.
2021ല്‍ ഫെബ്രുവരിയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പുലര്‍ത്തിയെന്നും ഇത് അമ്പരപ്പിക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ഉള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.