ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കുമോ? വിഷയം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ

അഭിറാം മനോഹർ

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (10:29 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചിനാകും റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ക്രിമിനല്‍ കേസെടുക്കേണ്ടതുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്നത്.
 
നാലര വര്‍ഷത്തോളം സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിലെ സ്വകാര്യതയെ മാനിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കികൊണ്ടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ അനുബന്ധ രേഖകളടക്കമുള്ള പൂര്‍ണ്ണമായ പതിപ്പാണ് സര്‍ക്കാര്‍ ഇന്ന് മുദ്രവെച്ച കവറില്‍ ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിക്കുക.
 
റിപ്പോര്‍ട്ട് എന്നതിനപ്പുറം ഇരകളുടെ മൊഴികളുടെ പേരില്‍ സര്‍ക്കാര്‍ ഇതുവരെയും ആര്‍ക്കെതിരെയും നിയമപനടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇരകളുടെ സ്വകാര്യത മാനിക്കണമെങ്കിലും വേട്ടക്കാരെയും സംരക്ഷിച്ചുകൊണ്ടുള്ള ഈ നടപടിയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്നത്.
 
 എ കെ ജയശങ്കര്‍ നമ്പ്യാരും സി എസ് സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് ഡിവിഷന്‍ ബെഞ്ച് രൂപവത്കരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍