സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്‌ക്ക് സാധ്യത; ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുന്നു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (09:51 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി.
 
അതേസമയം, കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിലും മലപ്പുറത്തും നാളെ വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും ബാധകമാണ്. റെഡ് അലര്‍ട്ടുള്ളയിടങ്ങളില്‍ അതിതീവ്ര മഴയും ഓറഞ്ച് അലര്‍ട്ടുള്ളിടങ്ങളില്‍ അതിശക്ത മഴയുമാണ് പ്രതീക്ഷിക്കുന്നത്. 
 
നാളെ 21 സെന്റീമീറ്റര്‍വരെ മഴ പെയ്യാം സാധ്യതയുണ്ടെന്നാണ് അറിയിപ്പുകൾ. ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതു കൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അതിതീവ്രമഴയുടെയും ചുഴലിക്കാറ്റിന്റെയും മുന്നറിയിപ്പിനെത്തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണസേനയുടെ 45 പേരടങ്ങുന്ന അഞ്ച് സംഘങ്ങള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article