അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു; കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത

വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:24 IST)
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് കേരളത്തില്‍ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കടലില്‍ പോയവര്‍ ഉടന്‍ തന്നെ മടങ്ങണമെന്നും മുന്നറിയിപ്പ് നല്‍കി.
 
സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് മുന്‍കരുതലായി ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷം, ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടും. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാകും ഡാമില്‍ നിന്ന് പുറത്തേക്കൊഴുകുക.
 
കനത്ത മഴയെ തുടർന്ന് തൃശൂര്‍ ചിമ്മിനി, തെന്മല പരപ്പാര്‍ ഡാമുകള്‍ തുറന്നുവിട്ടു. അരുവിക്കര, നെയ്യാര്‍ ഡാമുകളും തുറന്നു. തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി. മാട്ടുപെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാല് മണിക്ക് 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍