സെക്രട്ടറിയേറ്റില്‍ നിന്നും വിരമിച്ച ജീവനക്കാരന്‍റെ വീട്ടില്‍ നിന്ന് 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കള്ളന്മാര്‍ കൊണ്ടുപോയി. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ആലത്തറക്കോണത്ത് ഷെറിന്‍ നിവാസില്‍ ജയദാസ് എന്ന 58 കാരന്‍റെ വീട്ടിലാണു കവര്‍ച്ച നടന്നത്.
വീടിന്‍റെ ജനല്‍ കമ്പി മുറിച്ചു മാറ്റിയാണു കള്ളന്മാര്‍ അകത്തു കടന്ന് അലമാരയില്‍ നിന്നും മേശപ്പുറത്തു വച്ചിരുന്നതുമായ ആഭരണങ്ങള്‍ കവര്‍ന്നത്. എന്നാല്‍ സ്ഥലത്തെ സ്ഥിരം കവര്‍ച്ചക്കാരില്‍ ഒരാളെ സംശയത്തിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഇയാള്‍ രണ്ട് ദിവസം മുമ്പ് ഈ വീടിന്‍റെ പരിസരങ്ങളില്‍ കറങ്ങിനടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നു കരുതുന്നു. മലയിന്‍കീഴ് എസ്.ഐ ഷൈന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്.