കൊല്ലം ജില്ലയിലെ മൂന്നു സഹകരണ ബാങ്കുകളിലായി വൻ വായ്പ്പാതട്ടിപ്പ് കേസുകൾ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (21:24 IST)
കൊല്ലം: ജില്ലയിലെ മൂന്നു സഹകരണ ബാങ്കുകളിലായി 55 കോടി രൂപയിലേറെ വരുന്ന വൻ വായ്പാതട്ടിപ്പിന് പോലീസ് കേസെടുത്തു. ജില്ലയിലെ പ്രധാന സഹകരണ ബാങ്കുകളായ നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്, ചാത്തന്നൂർ റീജ്യണൽ സർവീസ് സഹകരണ ബാങ്ക്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് എന്നിവയ്‌ക്കെതിരെയാണ് കേസ്.
 
ഇതുമായി ബന്ധപ്പെട്ടു സഹകരണ സംഘം ഓഡിറ്റ് വിഭാഗത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. നിലവിൽ ഈ മൂന്നു ബാങ്കുകളിലും ഇടതുമുന്നണിയുടെ ഭരണമാണുള്ളത്.
 
നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ 47.59 കോടി  ഉണ്ടാക്കിയതിന് രണ്ടു സെക്രട്ടറിമാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 23 പേർക്കെതിരെയാണ് പാരിപ്പള്ളി പോലീസ് കേസെടുത്തത്.
 
ഇതിനൊപ്പം ചാത്തന്നൂർ റീജ്യണൽ സർവീസ് സഹകരണ ബാങ്കിൽ 7.48 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതിന് മുൻ സെക്രട്ടറി, ഭരണ സമിതി അംഗങ്ങൾ എന്നിവർക്കെതിരെ യാണ് കേസെടുത്തത്. ഇവിടെ നിന്ന് 22 പേർക്ക് അനധികൃതമായി നൽകിയ വായ്പ തിരിച്ചടയ്ക്കാതെ നഷ്ടം ഉണ്ടാക്കി എന്നാണു കേസ്.
 
സമാനമായ രീതിയിൽ നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ 26.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയതിന് അക്കൗണ്ടന്റിനെതിരെയാണ് കേസ്. പറവൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവിടെ പലർക്കും സെക്രട്ടറിയേയും ഭരണ സമിതിയെ അറിയിക്കാതെയും വായ്പ അനുവദിക്കുകയും അക്കൗണ്ട് ഉടമകളുടെ വ്യാജ ഒപ്പു രേഖപ്പെടുത്തി പണം പിൻവലിക്കുകയും ചെയ്തതായാണ് വിവരം. പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article