വൈകിയാണെങ്കിലും ചൈനീസ് മുട്ടയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം വ്യക്തമായിരിക്കുന്നു. ചൈനീസ് മുട്ടയെന്ന പേരിൽ കേരളത്തിൽ വിൽക്കുന്നത് നല്ല ഒറിജിനൽ മുട്ട തന്നെ. തൃശൂർ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മീറ്റ് ആൻഡ് സയൻസ് ടെക്നോളജിയുടെ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
ചൈനയിൽ നിന്നും കൃത്രിമ മുട്ടകൾ കേരളത്തിൽ എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെ വ്യാപാരത്തിൽ കുറവുണ്ടാകുമോ എന്ന ഭയത്തിലാണ് വ്യാപാരികൾ. വാർത്തയ്ക്ക് പുറമേ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സാമ്പിളുകൾ പരിശോധിച്ച് ഇത് ചൈനീസ് മുട്ടയല്ലെന്ന് മീറ്റ് ആൻഡ് സയൻസ് ടെക്നോളജി വ്യക്തമാക്കിയിരിക്കുന്നത്.
മുട്ട കൃത്രിമമായി ഉണ്ടാക്കാൻ സാധിക്കില്ല. കേടാകാതിരിക്കാൻ മുട്ട ഫ്രീസറിൽ വെക്കുകയും അവിടെ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ച് കേരളത്തിൽ എത്തുമ്പോൾ മുട്ടയുടെ ഘടനയിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. അതുമാത്രമല്ല, ചൈനയിൽ നിന്നും മുട്ട ഇറക്കുമതി ചെയ്യുന്നില്ലെന്നും മീറ്റ് ആൻഡ് സയൻസ് ടെക്നോളജിയുടെ ഡയറക്ടറായിരുന്ന ഡോ ജോർജ് ടി ഉമ്മൻ അറിയിച്ചു.
(കടപ്പാട്: മനോരമ ഓൺലൈൻ)