കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ദിലീപും പ്രോസിക്യൂഷനും. കുറ്റപത്രം ചോർന്നതിനാൽ റദ്ദാക്കണമെന്ന താരത്തിന്റെ ആവശ്യം കേട്ട പ്രോസിക്യൂഷന്‍ ചുട്ട മറുപടിയാണ് നല്‍കിയത്. ദിലീപ് അത്ര ഹരിശ്ചന്ദ്രനല്ലെന്നാണ് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചത്.
കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായതിനാല്‍ വിധി 23ന് പറയും.
കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കിയിട്ടില്ല. ഫോൺ രേഖകൾ അടക്കമുള്ള വിവരങ്ങൾ ചോർത്തി നൽകിയത് ദിലീപാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയത് പൊലീസ് തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിക്കാന്‍ പൊലീസ് ക്ലബിന് സമീപം ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഇല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതോടൊപ്പം ഒരു പെന്‍ ഡ്രൈവും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ പകർപ്പ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘം ചോർത്തി നൽകിയതാണെന്നാണ് ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് ചോര്‍ന്നത്.