ദിലീപിനെ കുടുക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്, എന്നെ വിളിച്ചത് 'ജനപ്രിയ'ന‌ല്ല: ആളൂർ വ്യക്തമാക്കുന്നു

വെള്ളി, 15 ഡിസം‌ബര്‍ 2017 (14:53 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ‌ന്ന സുനിൽ കുമാറിനായി വാദിക്കുന്നത് അഭിഭാഷകൻ ബി എസ് ആളൂർ ആണ്. ആരാണ് സുനിക്ക് വേണ്ടി ആളൂരിനെ സമീപിച്ചതെന്ന് വ്യക്തമല്ല. ഒരു വ്യക്തിയാണോ വ്യക്തികളാണോ എന്ന കാര്യം പുറത്തുപറയില്ലെന്ന് ആളൂർ പറയുന്നു.
 
ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന ആളൂരിനെ സുനിക്ക് വേണ്ടി ആര് കൊണ്ട് വന്നു എന്ന ചോദ്യം പ്രസക്തമാണ്. സിനിമയിലെ ദിലീപിന്റെ ശത്രുക്കളാണോ സുനിയെ കൊണ്ട് വന്നതെന്ന കാര്യവും ബലപ്പെടുന്നുണ്ട്. മംഗളം ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ദിലീപ് കേസിലേക്ക് താൻ എങ്ങനെയാണ് എത്തിയതെന്ന് ആളൂർ വ്യക്തമാക്കുന്നത്.
 
പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് കേസ് വന്നപ്പോള്‍ തന്നെ പല ആളുകളും തന്നെ ബന്ധപ്പെട്ട് സുനിക്ക് വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടതായി ആളൂര്‍ പറയുന്നു. ഇതനുസരിച്ചാണ് കൊച്ചിയിൽ എത്തുന്നത്. കേസ് ഏറ്റെടുത്തെങ്കിലും ആദ്യമൊന്നും സുനിയെ കണ്ടിരുന്നില്ല, തന്റെ ജൂനിയറോട് എന്നെ കാണണമെന്ന് സുനി പറഞ്ഞതുസരിച്ചാണ് കൂടിക്കാഴ്ച നടന്നത്.
 
ഇതിനിടെ ദിലീപ് ആണ് പള്‍സര്‍ സുനിക്ക് വേണ്ടി ആളൂരിനെ ഇറക്കിയത് എന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, തന്നെ വിളിച്ചത് ദിലീപ് അല്ലെന്നും താൻ ഈ കേസിൽ ഇടപെട്ടതുമായി ദിലീപിനു ഒരു ബന്ധവും ഇല്ലെന്ന് അളൂർ പറയുന്നു. 
 
ദിലീപിന് എതിരെ ഒരു വിഭാഗമുണ്ട് എന്നത് ആളൂര്‍ സമ്മതിക്കുന്നു. ദിലീപിനെ കുടുക്കണം എന്നാഗ്രിക്കുന്ന ആളുകളുണ്ട്. പക്ഷേ അവര്‍ക്ക് താനുമായോ തന്റെ കക്ഷിയായ പള്‍സര്‍ സുനിയുമായോ യാതൊരു ബന്ധവും ഇല്ലെന്നും ആളൂര്‍ പറയുന്നു. 
 
പള്‍സര്‍ സുനിയെ തനിക്ക് നേരിട്ട് അറിയില്ല. കേസ് തന്നെ ഏല്‍പ്പിച്ചതിന് ശേഷം താന്‍ നേരിട്ട് പോയി സുനിയെ കണ്ടിട്ടില്ല. തന്റെ ജൂനിയേഴ്‌സും സഹപ്രവര്‍ത്തകരും പള്‍സര്‍ സുനിയെ ജയിലില്‍ പോയി കണ്ടപ്പോള്‍ അയാള്‍ തന്നെ കാണണം എന്ന് നിര്‍ബന്ധം പിടിച്ചു. ഇതേ തുടര്‍ന്നാണ് താന്‍ സുനിയെ കാക്കനാട് ജയിലില്‍ ആദ്യമായി പോയി കണ്ടത്. തന്നെ കേസേല്‍പ്പിച്ചത് ഒരു വ്യക്തിയാണോ വ്യക്തികളാണോ എന്ന് എടുത്ത് പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ പറഞ്ഞു.
 
സൗമ്യവധക്കേസിലും ജിഷവധക്കേസിലും ആളൂർ തന്നെയായിരുന്നു പ്രതിഭാഗം വക്കീൽ. ഈ മൂന്ന് കേസുകളിലേയും ആളൂരിന്റെ കക്ഷികള്‍ സമൂഹത്തിലെ പ്രമുഖരല്ല. മൂന്ന് പ്രതികളും ആളൂരിനെ പോലൊരാളെ വക്കീലാക്കി വെയ്ക്കാന്‍ മാത്രം സാമ്പത്തിക ശേഷി ഉള്ളവരുമല്ല. അതുകൊണ്ട് തന്നെ ഈ മൂന്ന് പ്രതികള്‍ക്ക് പിന്നിലും വമ്പന്മാരുടെ സാന്നിധ്യമുണ്ട് എന്ന് സംശയിക്കാവുന്നതുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍