ബന്ധുവിന്റെ കണ്മുന്നിൽ വച്ച് പത്തുവയസുകാരൻ കുളത്തിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 5 മെയ് 2022 (20:28 IST)
പോത്തൻകോട് : പോത്തൻകോട് ഉള്ള ബന്ധുവീട്ടിൽ എത്തിയ പത്തുവയസുള്ള ബാലൻ ബന്ധുവിന്റെ കണ്മുന്നിൽ വച്ച് വീടിനടുത്തുള്ള കുളത്തിൽ കാൽ വഴുതി വീണു മരിച്ചു.  പോത്തൻകോട് കല്ലൂർ ഖബറടി നഗറിൽ  ഫാത്തിമ മൻസിലിൽ മുഹമ്മദ് ബാഷ - ഷീജാ ബീവി ദമ്പതികളുടെ മൂത്ത മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നേകാലോടെയാണ് സംഭവം. മരിച്ച മുഹമ്മദ് ഫർഹാനും ബന്ധുവായ നാലുവയസുകാരൻ ഷിഫ്‌റാനും ഒന്നിച്ചായിരുന്നു കുളക്കരയിലേക്ക് പോയത്. ഷിഫ്‌റാനുള്ള ഭക്ഷണവുമായി മാതാവ് ഷംനയും പിന്നാലെ എത്തിയിരുന്നു. കുളത്തിന്റെ കൽക്കെട്ടിൽ ഇരുന്നു ഷംന ഷിഫ്‌റാനു ഭക്ഷണം കൊടുക്കുന്നതിനിടെ മുഹമ്മദ് ഫർഹാൻ പടിക്കെട്ടിനോട് ചേർന്നുള്ള ചെരിവുള്ള മതിലിൽ കയറി. തുടർന്ന് പതുക്കെ താഴേക്കു നീങ്ങവേ അപ്രതീക്ഷിതമായി മുഹമ്മദ് ഫർഹാൻ കാൽ വഴുതി കുളത്തിലേക്ക് വീണു.

ആറാടിയിലേറെ താഴ്ചയുള്ള ഭാഗത്താണ് കുട്ടി വീണത്. ഷംന ഫർഹാൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടിക്കൂടിയ പ്രദേശവാസികൾ കുട്ടിയെ കുളത്തിൽ നിന്ന് കരയ്‌ക്കെത്തിക്കുകയും തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article