എങ്ങനെയാണ് ചുഴലിക്കാറ്റുകൾക്ക് പേര് ലഭിക്കുന്നത്? ആരാണ് ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്?

Webdunia
വെള്ളി, 14 മെയ് 2021 (18:50 IST)
കേരളത്തിൽ കനത്ത ആശങ്ക സൃഷ്‌ടിച്ച് കൊണ്ട് ടൗട്ടെ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നുവെന്ന വാർത്തയാണ് കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇത്തവണ ടൗട്ടെ എന്ന ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുൻനത് മ്യാൻ‌മർ എന്ന രാജ്യമാണ്. പല്ലി എന്നാണ് ഈ വാക്കിന്റെ അർത്ഥം. അറബിക്കടലിൽ ഈ വർഷമുണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാണിത്.
 
എങ്ങനെയാണ് ഈ ചുഴലിക്കാറ്റുകൾക്ക് പേര് ലഭിക്കുന്നത്? ആരാണ് ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്? ഇതെങ്ങനെയാണെന്ന് നോക്കാം.
 
ചുഴലിക്കാറ്റുകളെ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കാൻ പലപ്പോളും കൃത്യമായി അവയ്‌ക്ക് പേരുണ്ടെങ്കിലെ സാധിക്കുകയുള്ളു എന്നതിൽ നിന്നാണ് ചുഴലിക്കാറ്റുകൾക്ക് വ്യത്യസ്‌തമായ പേരുകൾ നൽകാൻ ആദ്യം രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തുന്നത്. ഇത്തരത്തിലാണ് 2000ത്തിൽ ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്. 
 
ഉത്തര ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്തുള്ള ബംഗ്‌ളാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്ലാന്‍ഡ് എന്നീ എട്ട് രാജ്യങ്ങളാണ് ആദ്യം രൂപികരിച്ച കൂട്ടായ്‌മയിൽ ഉണ്ടായിരുന്നത്. 2018ൽ ഇറാന്‍, ഖത്തര്‍, സൗദി അറേബിയ, യുഎഇ, യെമന്‍ എന്നീ അഞ്ച് രാജ്യങ്ങൾ കൂടി കൂട്ടായ്‌മയിൽ ചേർന്നു.
 
ഇതിനെ തുടർന്ന് 13 രാജ്യങ്ങളില്‍ നിന്നും 13 നിര്‍ദേശങ്ങള്‍ വീതം സ്വീകരിച്ച് 2020ലാണ് 169 പേരുകളടങ്ങിയ പട്ടിക കൂട്ടായ്‌മ പുറത്തിറക്കിയത്. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പട്ടികയില്‍ രാജ്യങ്ങള്‍. സ്ഥാനക്രമത്തിലാണ് ഓരോ രാജ്യത്തിന്റെയും ഊഴം. പേര് തീരുമ്പോൾ പുതിയ പട്ടിക അവതരിപ്പിക്കും. ഇപ്രകാരമാണ് ഓരോ രാജ്യങ്ങൾ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. മ്യാൻമർ ആണ് ഇത്തവണ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.
 
പട്ടിക പ്രകാരം ഇറാന്‍, ഒമാന്‍, പാകിസ്താന്‍,ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നിര്‍ദേശിച്ചിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article