കേരളത്തിൽ അഴിമതി വർധിച്ചിരിക്കുന്നു: രമേശ് ചെന്നിത്തല

Webdunia
വെള്ളി, 15 മെയ് 2015 (17:09 IST)
കേരളത്തിൽ അഴിമതി വർധിച്ചിരിക്കുകയാണെന്ന എ കെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. ആന്റണിയുടെ വിലയിരുത്തൽ ശരിയാണ് എന്നും കേരളത്തിൽ അഴിമതി വർധിച്ചിരിക്കുകയാണെന്നും പറഞ്ഞ രമേശ് ചെന്നിത്തല അഴിമതി തടയാൻ വിജിലൻസ് മാത്രം വിചാരിച്ചാൽ സാധിക്കില്ല പൊതുജനങ്ങളും ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബാർ കോഴക്കേസ് അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നില്ല. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കുന്നത്. ആരെയും മനഃപ്പൂർവ്വം പ്രതി ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞത്‍. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലും അധ്യാപക നിയമനങ്ങളിലും അഴിമതി കൂടുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ അഴിമതി തടയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചാണ് ചെന്നിത്തല രംഗത്തെത്തിയത്.