കേരളത്തില്‍ കടുത്ത ആശങ്ക; നിയന്ത്രണങ്ങള്‍ വീണ്ടും വര്‍ധിപ്പിക്കേണ്ടിവരും

Webdunia
ചൊവ്വ, 6 ജൂലൈ 2021 (12:16 IST)
കോവിഡ് വ്യാപന ഗ്രാഫ് താഴാത്തത് കേരളത്തിനു ആശങ്കയാകുന്നു. രാജ്യത്ത് ക്രമമായി രോഗികളുടെ എണ്ണം കുറയുമ്പോഴാണ് കേരളത്തില്‍ കോവിഡ് കണക്കുകള്‍ ഏറ്റക്കുറച്ചിലായി നില്‍ക്കുന്നത്. രോഗസ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) ഒന്‍പതിനും 12 നും ഇടയില്‍ തുടരുകയാണ്. ടി.പി.ആര്‍. എട്ട് ശതമാനത്തില്‍ കുറയ്ക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. 
 
വീണ്ടും നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കേണ്ടിവരുമോ എന്ന ആശങ്കയും കേരളത്തിലുണ്ട്. നിലവില്‍ പ്രാദേശിക തലത്തിലാണ് നിയന്ത്രണങ്ങള്‍ തുടരുന്നത്. ഇപ്പോള്‍ ലഭിക്കുന്ന ഇളവുകളില്‍ നിന്ന് ഉടനെയൊന്നും കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട. രോഗികളുടെ എണ്ണം ക്രമമായി കുറഞ്ഞു തുടങ്ങിയാലേ കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, രോഗനിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണോ എന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 
 
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 34,703 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നില്‍ കുറവായിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തില്‍ മാത്രം ഇന്നലെ 8,037 പേര്‍ക്ക് മാത്രം കോവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ശതമാനവും ആണ്. അതായത് രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ നാലിലൊന്നും കേരളത്തില്‍ നിന്നാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article