രാജ്യത്ത് വെല്ലുവിളിയായി കേരളത്തിലെ രോഗവ്യാപനം; നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ല

വെള്ളി, 2 ജൂലൈ 2021 (10:45 IST)
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയാത്തത് വലിയ വെല്ലുവിളിയാകുന്നു. ഇന്ത്യയില്‍ ക്രമാതീതമായി കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴാണ് കേരളത്തിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 46,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 853 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വലിയ രീതിയില്‍ കുറയുമ്പോഴും കേരളത്തില്‍ വലിയ വ്യത്യാസമില്ല. 
 
രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണമെടുത്താല്‍ അതില്‍ വലിയൊരു ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കേരളത്തില്‍ ഇന്നലെ 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ശതമാനമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പതിനും 12 നും ഇടയില്‍ തുടരാന്‍ തുടങ്ങിയിട്ട് കുറേ ദിവസങ്ങളായി. തുടര്‍ച്ചയായി എട്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പിടിച്ചുനിര്‍ത്താനാണ് ആരോഗ്യവകുപ്പ് പരിശ്രമിക്കുന്നത്. എന്നാല്‍, രോഗികളുടെ എണ്ണം കുറയുന്നില്ല. കോവിഡ് രോഗികളുടെ എണ്ണം കുറയാത്തതിനാല്‍ കേരളത്തില്‍ അതീവ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍