തൃശൂരിൽ താലി കെട്ട് കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ വധു വിവാഹത്തിൽ നിന്നും പിന്മാറി, സ്ഥലത്ത് സംഘർഷം

Webdunia
ചൊവ്വ, 9 മെയ് 2023 (14:50 IST)
തൃശൂർ കുന്നംകുളത്ത് താലികെട്ട് കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ വധു വരൻ്റെ വീട് കണ്ടതോടെ വിവാഹത്തിൽ നിന്നും പിന്മാറി. താലികെട്ടും മറ്റ് ചടങ്ങുകളും കഴിഞ്ഞതിനെ തുടർന്ന് വരൻ്റെ വീട്ടിൽ കയറുന്ന. ചടങ്ങിനായി വധു വരൻ്റെ വീട്ടിലെത്തി വലതുകാൽ വെച്ച് കയറുമ്പോഴാണ് വരൻ്റെ വീട് ശ്രദ്ധയിൽ പെടുന്നത്. ഇതോടെ അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് മുൻപ് വധു തിരികെ ഓടുകയായിരുന്നു.
 
ഈ വീട്ടിലേക്ക് താൻ വരില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വധുവിൻ്റെ ഓട്ടം. ശേഷം ബന്ധുക്കളെത്തി വധുവിനെ ബലമായി പിടിച്ചുകൊണ്ടുവന്നു. ചടങ്ങ് പൂർത്തിയാക്കിയ ശേഷം പിന്നീട് കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് വധുവിനോട് ബന്ധുക്കൾ പറഞ്ഞെങ്കിലും വധു തൻ്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അഞ്ച് സെൻ്റ് ഭൂമിയിലാണ് ദിവസവേതനക്കാരനായ വരൻ്റെ വീട്. ഓടും ഓലയും ഷീറ്റും ഒക്കെയുള്ള സൗകര്യം കുറഞ്ഞ വീട്ടിൽ മിനിമം സ്വകാര്യത പോലും കിട്ടില്ലെന്ന് വധു പരാതി കൂടി പറഞ്ഞതോടെ  പ്രശ്നം സംഘർഷാവസ്ഥയിലേക്ക് മാറി. തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. വരൻ്റെ വീട്ടിൽ കയറണമെന്ന് പോലീസും ആവശ്യപ്പെട്ടെങ്കിലും വധു വഴങ്ങിയില്ല.
 
തുടർന്ന് പോലീസുകാർ ഇടപെട്ട് വരനെ വരൻ്റെ വീട്ടിലേക്കും വധുവിനെ വധുവിൻ്റെ വീട്ടിലേക്കും പറഞ്ഞയക്കുകയായിരുന്നു. കേസിൽ ബുധനാഴ്ച ചർച്ച ചെയ്യാമെന്ന് പോലീസ് വിശദമാക്കി. സഹോദരങ്ങളായ 7 പേരുടെ വിവാഹം ഇതേ വീട്ടിലാണ് നടന്നതെന്നും അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് വധുവിനുള്ളതെന്നും വരൻ്റെ വീട്ടുകാർ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article