മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു, എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്?

Webdunia
ബുധന്‍, 21 ജൂലൈ 2021 (15:32 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കുണ്ടറയിൽ പീഡനപരാതി ഉന്നയിച്ച യുവതി. മന്ത്രി ശശീന്ദ്രനൊപ്പം നിന്നുകൊണ്ട് കേരളത്തിലെ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്ന് യുവതി തുറന്നടിച്ചു.
 
കേരളത്തിൽ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. സമാനമായ അനുഭവങ്ങൾ ഉണ്ടാകുന്ന സ്ത്രീകൾക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാൽ മതിയെന്ന സന്ദേശമാണ് ഇതിലൂടെ മുഖ്യമന്ത്രി നൽ‌കുന്നതെന്നും യുവതി കുറ്റപ്പെടുത്തി.
 
നല്ല വിഷമമുണ്ട്. മുഖ്യമന്ത്രി ഇങ്ങനെ ഒരു നിലപാട് എടുക്കുമെന്നായിരുന്നില്ല ഇതുവരെ എന്റെ ധാരണ. മുഖ്യമന്ത്രിക്കെതിരെ ഒരു വാക്കുപോലും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ഇതാദ്യമായി, വിഷമം കൊണ്ടാണ് ഇതുപറയുന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രന്‍ എന്തായാലും രാജിവെക്കണം. മന്ത്രിസ്ഥാനത്തിരുന്ന് ചെയ്യാന്‍ പറ്റിയ ഒരു പ്രവര്‍ത്തിയല്ല അദ്ദേഹം ചെയ്‌തത്. ആ സ്ഥാനത്തിന് അർഹനല്ലാത്ത വ്യക്തി ഒഴിഞ്ഞുപോകുകയാണ് വേണ്ടത്. യുവതി പറഞ്ഞു.
 
അതേസമയം കേസിൽ മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article