ക്ലാസില്‍ വഴക്കുണ്ടാക്കിയ ആറുവയസുകാരന്റെ കണ്ണില്‍ അധ്യാപിക മുളക് തേച്ചതായി പരാതി. കടപ്പുറം തൊട്ടാപ്പ് ബദര്‍പള്ളിക്കടുത്തുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് സംഭവം. കടപ്പുറം സ്വദേശിയായ റമളാന്‍ ഷുഹൈബിന്റെ മകനാണ് അധ്യാപകരുടെ പീഡനത്തിന് ഇരയായി എന്ന് പരാതിപ്പെട്ടത്.
സ്‌കൂളില്‍ വഴക്കുണ്ടാക്കിയതിനാണത്രെ ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കിയത്. ഓഫീസിലേക്ക് വിളിച്ച് വരുത്തി, ഒരു അധ്യാപിക പിടിച്ചുവക്കുകയും മറ്റൊരു അധ്യാപിക കണ്ണില്‍ മുളക് തേക്കുകയും ആണ് ഉണ്ടായതെന്നാണ് കുട്ടി വീട്ടുകാരോടും പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും പറഞ്ഞത്. ഇതേതുടര്‍ന്ന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ സംഭവം സൂള്‍ അധികൃതര്‍ നിഷേധിച്ചു. അത്തരം സംഭവം നടന്നിട്ടില്ലെന്നും വഴക്കുണ്ടാക്കിയ കുട്ടിയെ അധ്യാപിക മുളക് കാണിച്ച് പേടിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നുമാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. സ്‌കൂള്‍ തോട്ടത്തില്‍ നിന്നാണ് അധ്യാപിക മുളക് എടുത്തതെന്നും പറയുന്നു.