കേരളത്തിന് വീണ്ടും തിരിച്ചടി; റേഷനരിക്ക് പിന്നാലെ മണ്ണെണ്ണ വിഹിതവും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (15:16 IST)
സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. 16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായാണ് വെട്ടികുറച്ചത്. ഇത് പ്രകാരം സംസ്ഥാനത്തെ ഒരു കുടുംബത്തിന് കേവലം കാല്‍ ലിറ്റര്‍ മണ്ണെണ്ണ മാത്രമായിരിക്കും ഇനി ലഭിക്കുക. റേഷനരി വെട്ടികുറച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. 
 
കാലങ്ങളായി മത്സ്യതൊഴിലാളികള്‍ക്കായി സബ്സിഡി മണ്ണെണ്ണ മറിച്ച് കൊടുക്കുന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നല്‍കി മല്‍സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ മണ്ണെണ്ണ നല്‍കുമ്പോള്‍ കേരളത്തില്‍ വീടുകള്‍ക്ക് നല്‍കുന്ന വിളക്ക് കത്തിക്കാനുപയോഗിക്കുന്ന മണ്ണെണ്ണയാണ് മല്‍സ്യത്തൊഴിലാളികള്‍ക്കായി നല്‍കുന്നത്.  
 
ഇത്തരത്തില്‍ 2000 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേരളം വകമാറ്റി വിതരണം ചെയ്തത്. അതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഈ കടുത്ത നടപടി. ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണവും നിലയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പഞ്ചസാര ഇല്ലാതെയാകും. വെട്ടുക്കുറച്ച വിഹിതം പുനസ്ഥാപിക്കാനുള്ള നടപടിക്ക് സംസ്ഥാനം മുതിരാത്തതും ഈ തിരിച്ചടിക്ക് കാരണമായി.
Next Article