ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമായതോടെ മണ്ഡലത്തില്‍ പണമൊഴുക്കി ബിജെപി. വോട്ടൊന്നിന് രണ്ടായിരം രൂപ മുതൽ അയ്യായിരം രൂപ വരെ നൽകിയെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണം നല്‍കിയത്. സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനവും ബിജെപി നല്‍കുന്നു.
ഇക്കാര്യമുന്നയിച്ച് സിപിഎം പൊലീസിൽ പരാതി നൽകി. സിപിഎം മണ്ഡലം സെക്രട്ടറി എം എച്ച് റഷീദാണ് പരാതി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ മുതല്‍ ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49മത് ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപി എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെഎ പിള്ളയുടെ നേതൃത്വത്തിലാണ് പണം വിതരണം നടക്കുന്നത്.
കൂട്ടാമായിട്ടാണ് വോട്ട് ചോദിക്കാന്‍ ബിജെപി നേതാക്കള്‍ ഇറങ്ങുന്നതെങ്കിലും വീടുകളിലേക്ക് പ്രവേശിക്കുന്നത് പിള്ള മാത്രമാണ്. വിവാഹം നടത്താനുള്ള സഹായം നല്‍കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി നല്‍കാമെന്നു വാഗ്ദാനവും നല്‍കുന്നുണ്ട്.
ബിജെപി പ്രചാരണത്തിന് തുടക്കം കുറിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം വാഗ്ദാനം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് പിള്ളയെ ഉപയോഗിച്ച് പണമിറക്കാന്‍ ബിജെപി നേതൃത്വം നീക്കം നടത്തുന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.