ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ (എം) കൂടെക്കൂട്ടുന്നത് സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നത തുടരുന്നു. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിനും സിപിഐയ്ക്കും വ്യത്യസ്ത നിലപാടാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ തര്‍ക്കം തുടരുന്നതായി വ്യക്തമായത്.
മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് സിപിഎം സിപിഐ കേന്ദ്ര നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തില്‍ തീരുമാനിക്കട്ടെ എന്നാണ് യോഗത്തില്‍ തീരുമാനമായാത്.
എന്നാല്‍, മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്ന തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മാണിയെ സഹകരിപ്പിക്കാന്‍ സിപിഐ ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടില്ല. മാണി ഇല്ലാതെയും ചെങ്ങന്നൂരില്‍ ഇടതുമുന്നണി ജയിച്ചിട്ടുണ്ട്. ജയിക്കാതിരിക്കാന്‍ അത്ര മോശമായ പ്രവര്‍ത്തനമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും കാനം പറഞ്ഞു.
സുധാകര്‍ റെഡ്ഡി, എ രാജ എന്നീ സിപിഐ നേതാക്കളും സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുമാണ് എകെജി ഭവനില്‍ കൂടിക്കാഴ്ച നടത്തിയത്.