മാണി മുത്താണ്; ‘കുമ്മനം പറഞ്ഞതാണ് ശരി, തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടുകള്‍ വാങ്ങും’ - മലക്കം മറിഞ്ഞ് വി മുരളീധരന്
ചൊവ്വ, 20 മാര്‍ച്ച് 2018 (18:20 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെഎം മാണിയുടെ എന്‍ഡിഎ പ്രവേശനത്തെക്കുറിച്ചുള്ള നിലപാട് തിരുത്തി ബിജെപി നേതാവ് വി മുരളീധരന് രംഗത്ത്.
മാണി വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞതാണ് ശരി. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടുകള്‍ വാങ്ങും. ബിഡിജെഎസുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്. അവര്‍ക്ക് അര്‍ഹമായ പരിഗണന നല്കി ഒപ്പം നിര്‍ത്തുമെന്നും മുരളീധരന് വ്യക്തമാക്കി. താനും പാര്‍ട്ടി നിലപാടിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീധരന്‍പിള്ള നല്കിയ പരാതി കുമ്മനം കോര്‍കമ്മിറ്റി യോഗത്തില്‍ വായിച്ചു. പ്രസ്താവന മുരളീധരന് തിരുത്തണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതിന്റെ പേരിലുണ്ടായ തര്‍ക്കം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും വ്യക്തമാക്കി.
അതേസമയം, എതിര്‍പ്പുള്ളവര്‍ ആദ്യം എന്തുകൊണ്ട് പറഞ്ഞില്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചിട്ടാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുകയും ചെയ്തു.
മാണിയുമായി പികെ കൃഷ്ണദാസ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് മുരളീധരന് പറഞ്ഞത്. ഇതോടെ മുരളീധരന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും മാണി വിഷയത്തില്‍ ബിജെപിക്കുള്ളിൽ സമവായമില്ലെന്ന് വ്യക്തമാകുകയും ചെയ്തു.