ഇത് ഒന്നിച്ച് നിൽക്കേണ്ട സമയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രിമാർക്ക് പിണറായി വിജയന്റെ കത്ത്

Webdunia
വെള്ളി, 3 ജനുവരി 2020 (19:13 IST)
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഒന്നിച്ചു നിൽക്കണം എന്ന് അഭ്യർത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പിണറായി വിജയൻ കത്തയച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാരുകൾ പ്രമേയം പാസാക്കണം എന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.
 
ജനാധിപത്യവും മതേതരത്വവും ആഗ്രഹിക്കുന്ന എല്ലാവരുടെയും യോജിപ്പാണ്  ഇപ്പോൾ ആവശ്യം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒന്നിച്ചു നിൽക്കാൻ രാജ്യത്തിന്റെ നാനാ തുറകളിൽ ഉള്ളവർ തയ്യാറാവണം. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചാണ് രാജ്യത്ത് കടുത്ത ആശങ്ക ഉയർന്നിരിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള വിവരശേഖരണമാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനാൽ എൻപിആറിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തിവച്ചിരിക്കുകയാണ്.
 
പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിലെ മതേതരത്വ മൂല്യങ്ങളെ ബധിക്കുന്നതിലുള്ള ആശങ്ക വ്യക്തമാക്കി കേരള നിയമസഭ ഡിസംബർ 31ന് പ്രമേയം പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്ക് കടക്കാണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഒഡീഷ മുഖ്യമന്ത്രിമാർക്കാണ് പിണറായി വിജയൻ കത്തയച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article