വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശാനുസരണം എറണാകുളം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 61 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത 19 ബസുകള്‍ക്കെതിരെ കേസെടുത്തു.
സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത 12 ബസുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. ഹെല്‍മെറ്റ് ഇല്ലാത്ത 531 ഇരുചക്ര വാഹന യാത്രികള്‍ക്കെതിരെ കേസെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 59 പേര്‍ക്കെതിരേയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വാഹനം ഓടിച്ച അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇതിനൊപ്പം ഇന്‍ഡിക്കേറ്റര്‍, കണ്ണാടി എന്നിവ ഇല്ലാതെ വാഹനം ഓടിച്ച 163 പേര്‍ക്കെതിരേയും കേസ് എടുത്തതായി ആര്‍ടിഒ പി.എച്ച്. സാദിക്ക് അലി അറിയിച്ചു. പിഴയിനത്തില്‍ മൊത്തം 2,58,200 രൂപ ലഭിച്ചു. ജില്ലയില്‍ ഒമ്പത് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരുംദിനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.