'പറഞ്ഞത് ദ്വയാര്‍ത്ഥം തന്നെ'; വിമര്‍ശിച്ച് കോടതി, ഒടുവില്‍ ജാമ്യം

രേണുക വേണു
ചൊവ്വ, 14 ജനുവരി 2025 (11:28 IST)
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിശദമായ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയില്‍ വിധി കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിച്ചേക്കുമെന്ന് വാക്കാല്‍ സൂചിപ്പിച്ചിരുന്നു. ഉപാധികളോടെയായിരിക്കും ബോബി ചെമ്മണ്ണൂര്‍ ജാമ്യത്തില്‍ ഇറങ്ങുക. 
 
ബോബിയെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ഹണി റോസിനെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശത്തില്‍ ദ്വയാര്‍ത്ഥം ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. വിമര്‍ശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇനിയും എന്തിനാണ് കസ്റ്റഡിയില്‍ വയ്ക്കുന്നതെന്നാണ് കോടതി ചോദിച്ചത്. പ്രതി പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചുവെന്നും പൊതുപരിപാടിയില്‍ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 
 
അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ബോബിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article